ഓഫീസ് ഘടന
1. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
തൊഴില്‍ വകുപ്പിലെ ജോയിന്‍റ് ലേബര്‍ കമ്മീഷണറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചട്ടപ്രകാരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കേണ്ടത്. നിലവില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (IR) ആണ്. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല വഹിക്കുന്നത്. സംസ്ഥാന തലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറില്‍ നിക്ഷിപ്തമായിരിക്കുന്നു. കേരള കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമ പദ്ധതിയുടെ ഓഫീസുകളാണ് പുന:നാമകരണം ചെയ്ത് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്‍റെ ഓഫീസുകളാക്കി പ്രവര്‍ത്തിച്ചു വരുന്നത്. 12 ജില്ലാ ഓഫീസുകളിലൂടെ പദ്ധതിയിലേയ്ക്കുളള രജിസ്ട്രേഷനും ആനുകൂല്യ വിതരണവും നടത്തി വരുന്നു.
2. ഫിനാന്‍സ് ഓഫീസര്‍
സ.ഉ(സാധാ)667/2018 എല്‍ ബി ആര്‍ തീയതി 04.06.2018 പ്രകാരം ബോര്‍ഡിലേക്ക് പുതിയ ഫിനാന്‍സ് ഓഫീസറുടെ തസ്തിക സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ട്. ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി പദവിയിലുളള ഒരു ഉദ്ദ്യോഗസ്ഥയാണ് നിലവില്‍ ഈ ബോര്‍ഡിന്‍റെ ഫിനാന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരുന്നത്.
3. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (ആസ്ഥാനം)
സംസ്ഥാന തലത്തില്‍ പദ്ധതിയെ സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ സഹായിക്കുന്നതിനും ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുതിനും വേണ്ടി സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ താഴെയല്ലാത്ത ഒരു ഓഫീസറെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (ആസ്ഥാനം) ആയി അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ചു വരുന്നു.
4. ഓഫീസ് സ്റ്റാഫ്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസില്‍ നിലവിൽ ഒരു ജൂനിയര്‍ സൂപ്രണ്ടും ഒരു സീനിയര്‍ ക്ലാര്‍ക്കും ഏഴ് ക്ലാര്‍ക്കും, 3 ടൈപ്പിസ്റ്റും, രണ്ട് ഓഫീസ് അറ്റന്‍ഡന്‍റും ഉണ്ട്. അന്യത്രസേവന വ്യവസ്ഥയില്‍ ആണ് ജീവനക്കാരെ നിയമിച്ചു വരുന്നത്. സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവിനാല്‍ നിയമിക്കപ്പെട്ട ഒരു ക്ലാര്‍ക്ക്, ഒരു ഓഫീസ് അറ്റന്‍ഡന്‍റ് (ജില്ലാ ഓഫീസ്, കൊല്ലം) ഒരു പാര്‍ട്ട്-ടൈം-സ്വീപ്പര്‍ എന്നിവർ ബോര്‍ഡിന്‍റെ സ്ഥിരം ജീവനക്കാരായുണ്ട്. ഈ ബോര്‍ഡില്‍ സ്പെഷ്യല്‍ റൂള്‍സ് നിലവിലില്ലാത്തതിനാല്‍ അന്യത്രസേവന വ്യവസ്ഥയില്‍ ആണ് ജീവനക്കാരെ നിയമിച്ചു വരുന്നത്. ഈ ബോര്‍ഡിന് വേണ്ടി പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല.
5. ജില്ലാ ഓഫീസുകള്‍
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ :
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജൂനിയര്‍ സൂപ്രണ്ട്/തൊഴില്‍ വകുപ്പിലെ അസിസ്റ്റന്‍റ് ലേബര്‍ ആഫീസര്‍ ഗ്രേഡ്-2 തസ്തികയിലുളള ഉദ്യോഗസ്ഥരെയാണ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറായി അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കുന്നത്.
6. ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍
കേരള കൈത്തൊഴിലാളി വിദഗദ്ധ തൊഴിലാളി ക്ഷേമ പദ്ധതിയുടെ നടത്തിപ്പിനായി 12 ജില്ലാ ഓഫീസുകളില്‍ 11 ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മാരുടെയും 13 അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്‍റേയും, 13 ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്‍റെയും, 13 ടൈപ്പിസ്റ്റിന്‍റേയും, 13 ഓഫീസ് അറ്റന്‍ഡന്‍റിന്‍റെയും തസ്തികകള്‍ ഉണ്ടായിരുന്നെങ്കിലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഒരു ടൈപ്പിസ്റ്റിന്‍റേയും ജില്ലാ ഓഫീസുകളിലെ ഓരോ സീനിയര്‍ ക്ലാര്‍ക്കിന്‍റേയും, ടൈപ്പിസ്റ്റിന്‍റേയും തസ്തികകള്‍ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ടി പദ്ധതിയുടെ ഭരണസമിതി മരവിപ്പിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ കാസര്‍ഗോഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെയും കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെയും കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെയും അധിക ചുമതല വഹിച്ചുവരുന്നു. ഒരു ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, ഒരു ക്ലാര്‍ക്ക്, ഒരു ഓഫീസ് അറ്റന്‍ഡന്‍റ്, ഒരു കാഷ്വല്‍ സ്വീപ്പര്‍ എന്നിവരടങ്ങുന്നതാണ് ജില്ലാ ആഫീസുകളിലെ ജീവനക്കാരുടെ ഇപ്പോഴത്തെ ഘടന.
7. ബോര്‍ഡിലെ ഔദ്യോഗിക സ്ഥാന പട്ടിക

8. ഭരണം / ഓര്‍ഗനൈസേഷണല്‍ ഓഫീസ് ഘടന
പദ്ധതിയുടെ ഭരണപരമായ ചുമതലകള്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുന്നു. ബഹു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി (എക്സ്-ഒഫിഷ്യോ ചെയര്‍മാന്‍), തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി (എക്സ്-ഒഫിഷ്യോ മെമ്പര്‍ സെക്രട്ടറി), അസംഘടിത മേഖലയിലെ 7 തൊഴിലാളി പ്രതിനിധികള്‍, അസംഘടിത മേഖലയിലെ 7 തൊഴിലുടമ പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 7 പ്രതിനിധികള്‍, കേരള നിയമസഭയില്‍ നിന്ന് രണ്ട് പ്രതിനിധികള്‍, തൊഴിലാളി ക്ഷേമം, മാനേജ്മെന്‍റ്, സാമ്പത്തികം, നിയമം, അഡ്മിനിസ്ട്രേഷന്‍ എന്നി മേഖലകളില്‍ പ്രാവീണ്യമുളള വരുടെ 5 പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 30 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് പുന:സംഘടിപ്പിച്ചിട്ടുളളത്.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള ചുമതല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറില്‍ നിക്ഷിപ്തമാണ്. സംസ്ഥാനതലത്തില്‍ ഒരു ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (ആസ്ഥാനം)വും ജില്ലാ തലത്തില്‍ പതിനൊന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കു കീഴില്‍ ജോലി ചെയ്തു വരുന്നു. വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് പ്രത്യേകമായി ജില്ലാ ഓഫീസുകള്‍ ഇല്ല. വയനാട് ജില്ലയുടെ ചുമതല കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ്. കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ തന്നെയാണ് കാസര്‍ഗോഡ് ജില്ലയുടെ ചുമതല വഹിക്കുന്നത്. കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല കൂടി നിര്‍വഹിക്കുന്നു.
ബോര്‍ഡിന്‍റെ വരുമാന മാര്‍ഗ്ഗങ്ങള്‍
പ്രതിമാസം 100/-രൂപ നിരക്കില്‍ അംഗങ്ങള്‍ പദ്ധതിയില്‍ ഒടുക്കുന്ന അംശദായമാണ് ബോര്‍ഡിന്‍റെ മുഖ്യവരുമാനം ഇപ്രകാരം അംശദായമായി ലഭിക്കുന്ന ഓരോ 100/-രൂപയ്ക്കും 10 രൂപാ വീതം സര്‍ക്കാര്‍ വിഹിതമായി ലഭിക്കുന്നു. കൂടാതെ പദ്ധതിയില്‍ അംഗത്വം നേടുവരില്‍ നിന്നും രജിസ്ട്രേഷന്‍ ഫീസായി 25/-രൂപ ഈടാക്കി വരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തെ അംശദായ വരവ് 11,92,68,730/- രൂപയാണ്. കൂടാതെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് പദ്ധതി വിഹിതമായി 50 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ട്രഷറിയിലും ജില്ലാ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുളള വിവിധ ബാങ്കുകളിലും നിക്ഷേപിച്ചിട്ടുളള സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശയും ബോര്‍ഡിന്‍റെ ഒരു വരുമാന മാര്‍ഗ്ഗമാണ്. കൂട്ടിച്ചേര്‍ക്കപ്പെട്ട പദ്ധതികളുടെ മൂന്ന് വര്‍ഷങ്ങളിലെ ആഡിറ്റ് പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ വിവിധ പദ്ധതികളിലെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ നീക്കിയിരിപ്പു തുക ലഭ്യമായിട്ടില്ല. കൂടുതല്‍ തൊഴിലാളികളെ പദ്ധതിയില്‍ അംഗങ്ങളാക്കിയും വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ വര്‍ദ്ധിപ്പിച്ച നിരക്കിലുളള അംശദായ തുക പിരിച്ചെടുത്തും ബോര്‍ഡിന്‍റെ വരുമാനം ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു.